Wednesday, 27 June 2018

4 Idiots



4 Idiots

യാത്ര ; ചില യാത്രകൾ അങ്ങിനെയാണ്....ആരുടെയോ വിളിക്കു കാതോർത്തെന്ന പോലെ, ഔപചാരികതയുടെയും ഉപചാരങ്ങളുടെയും മേമ്പൊടിയില്ലാതെ, തുടക്കമോ അവസാനമോ വേർതിരിക്കാനാകാതെ അങ്ങു പോകണം.

"പോരുന്നില്ലേ?" എന്ന അമീറിന്റെ ചോദ്യത്തിന് "ഞാൻ കുളിച്ചിട്ടു വരാം" എന്ന് മറുപടിയും പറഞ്ഞു ധൃതിയിൽ കുളിക്കാൻ കയറി.

മാറിയിടാൻ കയ്യിൽ ഒന്നും കരുതാതെയാണ് ഞാൻ അമീറിന്റെ വീട്ടിൽ വന്നത്. അതുകൊണ്ടുതന്നെ അവന്റെ കയ്യിൽനിന്നും  കടമെടുത്ത ടി ഷർട്ടും, ഇട്ടു മുഷിഞ്ഞ ജീൻസും ധരിച്ചു കഴിയും വേഗത്തിൽ റെഡി ആയി വന്നു. അമീർ ഒന്നും എടുക്കാനില്ലെന്നും പറഞ്ഞു പുറത്തേക്കു നടന്നു. ഞാൻ കയ്യിൽകിട്ടിയതെല്ലാം  ബാഗിലാക്കി  വാതിൽ പൂട്ടി ഇറങ്ങുമ്പോൾ സമയം വൈകീട്ട് ആറ് മണിയോട് അടുത്തിരുന്നു.

കുറച്ചുനേരം കാത്തുനിന്നതിന്റെ മുഷിച്ചിൽ  Ola ഡ്രൈവറുടെ മുഖത്ത് പ്രകടമായിരുന്നു. ഞാൻ വരുമ്പോഴേക്കും അമീർ മുൻസീറ്റിൽ ഇടം പിടിച്ച് ഫോണും നോക്കി ഇരിക്കുന്നുണ്ട്.. കോളേജിൽ എന്റെ ജൂനിയർ ആയിരുന്നെങ്കിലും ഞങ്ങൾ പരസ്പരം അറിയുന്നത് യാത്രകളിലൂടെയാണ്. എന്നാൽ ഇന്നുവരെ  ഒരുമിച്ചൊരു യാത്ര പോയിട്ടില്ല. നടത്തിയ യാത്രകളെ കുറിച്ചു സ്ഥിരമായി സംസാരിക്കുകയോ അല്ലെങ്കിൽ വാട്സപ്പിൽ ചാറ്റുകയോ പതിവായിരുന്നു.

ഒരു പക്ഷെ നഗരജീവിതത്തിന്റെ മടുപ്പുകൊണ്ടായിരിക്കാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടു ഞങ്ങൾ ഒന്നിച്ചു ഒരു യാത്രപോകുന്നതിനെ പറ്റി അവൻ സംസാരിച്ചിരുന്നു. അടുത്തുതന്നെ ഒരു ദീര്ഘയാത്രക്കൊരുങ്ങുന്നതു കൊണ്ടാകാം "പിന്നീടൊരിക്കൽ ആവാം" എന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി.

ദൈവനിശ്ചയം മറിച്ചായിരുന്നു. ഇത്ര പെട്ടന്ന് ഞങ്ങൾ ഒരുമിച്ചൊരു യാത്ര ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്തരം ദൈവനിശ്ചയങ്ങളെ കുറിച്ച് ആലോചിച്ചു സമയംപോയതറിഞ്ഞില്ല. കാർ മഡിവാള എത്തിയിരുന്നു. അവിടെ ഇറങ്ങി ഇനി ബസ് പിടിക്കണം. ഒരു കട്ടൻ ചായ കുടിച്ചു ബസ്സുകാത്തുനില്കുമ്പോഴാണ് അതുവരെ നീണ്ട മൗനത്തിനു ശേഷം അവൻ സംസാരിച്ചു തുടങ്ങിയത്. യാത്രയും, കൂട്ടുകാരും, ഭക്ഷണവുമാണ് അവന്റെ ഇഷ്ട സംസാര വിഷയങ്ങൾ. ഞങ്ങളുടെ ഈ യാത്ര അവന്റെ ഉറ്റ ചങ്ങായിമാരുടെ അടുത്തേക്കായതു കൊണ്ടാകാം യാത്രയിലുടനീളം അവനുൾപ്പെടുന്ന ആ നാൽവർസംഘം അവന്റെ സംസാരങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

4 Idiots, അങ്ങിനെയാണത്രെ അവർ അവരെ സ്വയം വിശേഷിപ്പിച്ചിരുന്നത്. സംസാരം കഥപറച്ചിലിലേക്കു വഴിമാറിയ ഏതോ മുഹൂർത്തത്തിൽ ഞങ്ങൾ എറണാങ്കുളം ലക്ഷ്യമാക്കി പായുന്ന KSRTC ബസ്സിൽ ഇടം പിടിച്ചിരുന്നു. കഥകളിൽ കൂടുതലും അവരൊരുമിച്ചു പോയ യാത്രകളെ കുറിച്ചായിരുന്നു. ആ യാത്രകളിലെയെല്ലാം ഉ.സാ.ഘ (ഉത്തമ സാധാരണ ഘടകം) എന്റെ കൂടി മിത്രമായ അമീർ ആണ്. മറ്റു സഹയാത്രികർ ടോബി, രാജ്, അനക് ഇവർ മൂന്നുപേരിൽ ആരെങ്കിലൊക്കെ ആയിരിക്കും. ചില കഥകൾ ഞാൻ മുൻപ് കേട്ടതാണെങ്കിലും, കഥ പറച്ചിലിലെ മാന്ത്രികക്കൂട്ട് കാഴ്ചകൾ കുറഞ്ഞ രാത്രി യാത്രയെ ഏറെ രസിപ്പിച്ചുകൊണ്ടിരുന്നു.

ഈ നാൽവർ സംഘത്തിലെ ടോബിയെ രണ്ടാഴ്ചകൾക്കു മുൻപ് യാദൃശ്ചികമായി കണ്ടുമുട്ടുവാനും ഏതാനും മണിക്കൂറുകൾ ഒരുമിച്ചു ചിലവഴിക്കാനും സാധിച്ചു. അതിനും കാരണക്കാരൻ അമീർ തന്നെ. എറണാകുളത്തുവച്ചു എറണാകുളം ഭാഷ സംസാരിക്കുന്ന ടോബിയെ ആദ്യമായി കാണുമ്പോൾ ഒരു പരിചയം പുതുക്കൽ പോലെ മാത്രമെ എനിക്കതു അനുഭവപ്പെട്ടുള്ളൂ. കപ്പബിരിയാണിയും മജ്‌ബൂസും ചായയും ചാറ്റൽ മഴയിലെ നടത്തവും പങ്കിടുമ്പോൾ അവന്റ ജീവന്റെജീവനായ അമീർക്ക കൂടെയുണ്ടായിരുന്നു. പ്രായത്തിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും അവന്റെ ഉള്ളിലെ വിനയം എന്നെയും "ഇക്ക" എന്ന് അഭിസംബോധന ചെയ്തുകൊണ്ടിരുന്നു. ആലിംഗനങ്ങൾക്കിടയിലെ ആ ചുരുങ്ങിയ സമയം മതിയായിരുന്നു ടോബിയെന്ന പ്രാരാബ്ധക്കാരനെ അടുത്തറിയാൻ. നായകനായും, സഹനടനായും, സഹയാത്രികനായും അമീറിന്റെ കഥകളിൽ നിറസാന്നിധ്യമായ ആ സഹൃദയൻ എന്റെ ഉള്ളലിയും നിഷ്കളങ്കതയുടെ പുതുഭാവങ്ങൾ വരച്ചിട്ടു.

അവൻ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ പിന്നീടാവട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. അവന്റെ അമീർക്കയോട് അസൂയ തോന്നിയ നിമിഷങ്ങളായിരുന്നു ഏറെയും. 4 Idiots ലെ രണ്ടു പേരെ അടുത്തറിഞ്ഞപ്പോൾ ബാക്കി രണ്ടുപേരെകൂടി കാണാനും പരിചയപ്പെടാനുമുള്ള ആഗ്രഹം ഏറിവന്നു. ഈ യാത്ര അതിനൊരു അവസരമൊരുക്കുകയാണ്. അവരുടെ കൂടിചേരലിനു സാക്ഷിയാകാൻ, ആ സുഹൃത്ബന്ധത്തിന്റെ തീവ്രത അനുഭവിച്ചറിയാൻ.

KSRTC ബസ് തമിഴ്‌നാട് ഹൈവേയിലൂടെ ഡ്രൈവർ മിന്നിച്ചു വിടുന്നുണ്ടായിരുന്നു. തൃശൂരിലോട്ടാണ് ടിക്കറ്റ് എടുത്തത്. ഇടക്കു കഴിക്കാൻ നിർത്തിയപ്പോൾ, കോയമ്പത്തൂർ ഇറങ്ങി പൊള്ളാച്ചിയിലേക്കു ബസ് പിടിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. രാജ് പൊള്ളാച്ചിയിൽ ഉള്ള ടോബിയുടെ അടുത്താണ്, അവിടെ റൂമെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. പൊള്ളാച്ചിയിൽ എത്തുമ്പോഴേക്കും നേരം പുലരുമായിരിക്കും.

രാജ് ആണ് നാലുപേരിലെ മൂന്നാമൻ. രാജസൽവം, തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിയാണെങ്കിലും മലയാളത്തിലുള്ള അവന്റെ ഭാഷാവൈഭവം അപാരമാണ്. അമീറുമായിയുള്ള അവന്റെ ടെലിഫോൺ സംഭാഷണത്തിനിടയിൽ കിട്ടിയ ഏതാനും കുറച്ചു മിനുറ്റുകൾ ഞാൻ രാജുമായി സംസാരിച്ചിട്ടുണ്ട്. അമീറിന്റെ ഫ്രണ്ട് ആയതുകൊണ്ടാകാം എന്നോടുള്ള സംസാരത്തിൽ ആ സ്നേഹവും ബഹുമാനവും നിറഞ്ഞുനിന്നിരുന്നു.

കഴിഞ്ഞ big call ലാണ് അവർ അടുത്തുപോകേണ്ട ഇടത്തെ കുറിച്ച് ചർച്ച ചെയ്തത്. എല്ലാ ആഴ്ചയിലും അവർ നാലുപേരും ഒരുമിച്ചു നടത്തുന്ന കോൺഫറൻസ് കാൾ ആണ് ബിഗ് കാൾ. എത്ര തിരക്കിനിടയിലും യാത്രയിലും അവർ സദാ കണക്ടഡ് ആയിരുന്നു. അമീറിന്റെ കഥകൾ ഇന്ത്യ വിട്ടു ശ്രീലങ്കയിലും നേപ്പാളിലും തായ്‌ലണ്ടിലും വരെ എത്തിനിന്നു. നിലാവിൽ കുളിച്ചുനിൽകുന്ന ചന്ദ്രൻ അപ്പോഴും ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. പൗർണ്ണമിയോടടുക്കുന്ന ആ ശവ്വാൽ ചന്ദ്രിക എന്നത്തേക്കാളും പ്രഭാപൂരിതമായിരുന്നു.

നേരം പന്ത്രണ്ടു കഴിഞ്ഞു ഉറക്കം ലവലേശം വരുന്നില്ല. സംസാരം യാത്ര കടന്നു മനുഷ്യനിലും ആത്മീയതയിലും എത്തി നിന്നു. മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയും അങ്ങിനെ എണ്ണിയാൽ തീരാത്ത "label" ലുകൾ അണിയിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് തുടങ്ങിയത്. ഉത്തരമെന്നോണം ഞങ്ങൾ എത്തി നിന്നതു "ശുദ്ധമായ അറിവ്" അതിലാണ്. അത് ഒന്നുകൊണ്ടു മാത്രമേ അജ്ഞതയിലുഴറുന്ന മനുഷ്യമനസ്സിനെ ഉണർത്തുവാനാകൂ. ആ ഓടുന്ന ബസ്സിലും കുറച്ചു നേരം ധ്യാനത്തിൽ ഇരിക്കാൻ ഞാൻ ശ്രമിച്ചു, മനസ്സ് ചിന്തകളൊഴിഞ്ഞു ശൂന്യമായപ്പോൾ സുഷുപ്തി വരെ ഒന്നുപോയിവന്നു.

വിളിച്ചത് അനെഗ് ആയിരുന്നു. പൊള്ളാച്ചിയിൽ വരല് നടക്കില്ലെന്നും അവൻ നേരെ പെരുമ്പാവൂർ വരാമെന്നും അമീറിനോട് പറയുന്നത് ബസിൽ അടുത്തിരുന്ന എനിക്ക് ലൗഡ്‌സ്‌പീക്കറിലൂടെ കേൾക്കാമായിരുന്നു. അമീറിന്റെ കഥകളിലൂടെ മാത്രം അറിയാവുന്ന അനെഗ്. സ്നേഹത്തിന്റെ വറ്റാത്ത ഉറവിടമെന്നു അവനെ കുറിച്ച് ഇടക്കിടെ വിശേഷിപ്പിക്കുമായിരുന്നു. അതുകൊണ്ടുതന്നെ 4 Idiots ലെ അംഗമാവാൻ എന്തുകൊണ്ടും യോഗ്യൻ.

ബാങ്കിലുള്ള ജോലി മുഖേനയാണ് ഇവർ നാലുപേരും കണ്ടുമുട്ടുന്നത്. ആ പരിചയം വളർന്നു സുഹൃത്ബന്ധത്തിലേക്കും മനസാക്ഷി സൂക്ഷിപ്പുകാരിലേക്കും പരിണമിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഒരുമിച്ചുള്ള യാത്രകൾ ഈ ബന്ധത്തിന് കുറച്ചൊന്നുമല്ല ദൃഢത പകർന്നത്. രക്തബന്ധത്തെ വെല്ലുന്ന അവരുടെ അടുപ്പം ഭാര്യമാർക്കും എന്തിനു മാതാപിതാക്കളിൽ വരെ അസൂയ ജനിപ്പിക്കുംവിധമായിരുന്നു. കല്യാണം കഴിഞ്ഞു കുട്ടികളായപ്പോഴും കൂടിച്ചേരലിന്റെയും ഒരുമിച്ചുള്ള യാത്രകളുടെയും ആവൃത്തി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞുപോയില്ല.

ബസ് കോയമ്പത്തൂർ ഗാന്ധിപുരം സ്റ്റാൻഡിൽ എത്തിയപ്പോൾ പുലർച്ചെ രണ്ടുമണി. റേഡിയോയിൽ നിന്നും ഉച്ചത്തിൽ പാടുന്ന തമിഴ് ഗായകന്റെ പാട്ടിന് താളം പിടിച്ചാണ് ആശാന്റെ ചായ അടി.തമിഴ്‌നാട്ടിൽ എല്ലാറ്റിനും ഒരു താളമുണ്ട്. ഒരു ചായകുടിച്ചു ഉക്കടം സ്റ്റാണ്ടിലേക്കുള്ള ബസ്സുകാത്തു നിന്നെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. ടാക്സി പിടിച്ചു ഉക്കടം സ്റ്റാൻഡിൽ എത്തിയപ്പോൾ ഞങ്ങളെ കാത്തെന്നപോലെ പൊള്ളാച്ചി വഴി പോകുന്ന പഴനി ബസ് അവിടെ പാർക്ക് ചെയ്തിരുന്നു.

കൂർക്കം വലിച്ചു മുൻസീറ്റിൽ കിടന്നുറങ്ങിയിരുന്ന ഡ്രൈവറെ തട്ടിവിളിച്ച്‌ എഴുന്നേൽപ്പിച്ച്‌ ചായകുടിപ്പിച്ച് ഡ്രൈവർ സീറ്റിൽ കൊണ്ടുവന്നിരുത്താൻ കണ്ടക്ടർക്ക് തെല്ലൊന്നു അധ്വാനിക്കേണ്ടിവന്നു. സ്റ്റാൻഡ് വിട്ടതും ചെവിപൊളിയുന്ന ശബ്ദത്തിൽ പഴയ തമിഴ് സിനിമാഗാനങ്ങൾ സ്‌പീക്കറിൽ നിന്നും ഒഴുകിത്തുടങ്ങി. പ്രണയവും പരിണയവും പ്രസവവും പരിഭവവുമെല്ലാം ആ ഗാനങ്ങൾക്ക് വിഷയങ്ങളായി. ഒരുപക്ഷെ ഉറക്കം വരാതിരിക്കാൻ ഡ്രൈവർ പാട്ടു മനപ്പൂർവം ഉച്ചത്തിൽ വച്ചതായിരിക്കാം. അതിനെ ന്യായീകരിക്കുന്ന വിധത്തിലായിരുന്നു പുള്ളിയുടെ വണ്ടി ഓടിച്ചുള്ള സിഗരറ്റുവലി. ഇതൊന്നും പോരാഞ്ഞിട്ട് പിൻസീറ്റിലിരുന്ന യാത്രക്കാരൻ ഒരുതരത്തിലും എന്നെ ഉറക്കില്ലെന്ന ശബദം എടുത്തപോലെ കൂടെ പാടാനും തുള്ളാനും തുടങ്ങി. ഏതോ ലഹരിയുടെ പിടിയിൽ. എന്നാലും സ്വമനസ്സിനു കാതോർക്കുന്നവനു ലഭിക്കുന്ന ലഹരിയോളം വരുമോ? ഈ കോലാഹലങ്ങൾക്കിടയിലും ഉറങ്ങാൻ സാധിക്കുന്ന അമീറിനെപ്പോലെ ഉള്ളവർ എത്ര അനുഗ്രഹീതരാണ്.

ആദിത്യ ലോഡ്‌ജിൽ എത്തി 101-ാം നമ്പർ വാതിലിൽ മുട്ടുമ്പോൾ മണി നാല്. രാജ് മാത്രമായിരുന്നു റൂമിൽ. പരിചയപ്പെടുത്തലിന്റെയൊ പരിചയപ്പെടലിന്റെയോ ആവശ്യം ഒട്ടുംതന്നെ ഇല്ലായിരുന്നു. സംസാരമൊക്കെ കഴിഞ്ഞു ഒന്ന് ഉറങ്ങിയെന്നു വരുത്തിയപ്പോഴേക്കും സമയം കാലത്തു ഏഴര കഴിഞ്ഞു. എട്ടുമണിക്ക് ടോബിയെ പോയിക്കണ്ടു അവനെയും കൂട്ടി പെരുമ്പാവൂർക്ക് പോകണം അതാണ് പ്ലാൻ.

പൊള്ളാച്ചി ഗവണ്മെന്റ് ആശുപത്രി ലക്ഷ്യമാക്കി ഒരു കിലോമീറ്ററിലധികം നടന്നു. ആശുപത്രി വളപ്പിലെ വലത്തേ അറ്റത്തെ ഒറ്റപ്പെട്ട ഒരു മുറിയിലായിരുന്നു അവനെ കിടത്തിയിരുന്നത്. പൊട്ടിപ്പൊളിഞ്ഞ വാതിലും ജനലുകളും തറയുമുള്ള ആ മുറിയിൽ മറ്റു രണ്ടു സുഹൃത്തുക്കളോടുകൂടെയായിരുന്നു അവന്റെ വിശ്രമം. കാണുമ്പോഴുള്ള ആ കെട്ടിപ്പിടുത്തം ഇന്ന് ഉണ്ടായില്ല. വിശേഷങ്ങൾ അന്വേഷിക്കുകയോ പറയുകയോ ചെയ്തില്ല. ഏതോ രാസവസ്തുവിന്റെ രൂക്ഷഗന്ധമുള്ള ആ മുറിയുടെ വാതിലിനോട് ചേർന്ന സിമെന്റ് കട്ടിലിലാണ് ടോബി കിടന്നിരുന്നത് രണ്ടാമത്തെ കട്ടിലിൽ സിജോയും പിന്നെ താഴെ നിലത്തു ആൽബിയെയും കിടത്തിയിരുന്നു. അടുത്തുപോയി മൂവർക്കും പ്രണാമം അർപ്പിക്കുമ്പോൾ കണ്ണുനീർ തളം കെട്ടിയതുകൊണ്ടാകാം കാഴ്ചക്ക് വല്ലാതെ മങ്ങലേറ്റിരുന്നു.

തലേദിവസം വാൽപാറയിൽനിന്നും മടങ്ങും വഴി ഇവർ മൂന്നുപേരുടെയും യാത്ര ഇവിടെ വന്നുനിൽക്കുന്നു. വസ്ത്രങ്ങളൊന്നും മാറ്റിയിട്ടില്ല. ഇനി ക്രിയകളൊക്കെ കഴിഞ്ഞു പുതുവസ്ത്രങ്ങളൊക്കെ ധരിച്ചു മൂവരും മൂന്നുവഴിക്കു പിരിയും. ടോബി ഞങ്ങളുടെ കൂടെ പെരുമ്പാവൂർക്കും. ഇവർ ആറുപേർ യാത്രചെയ്തിരുന്ന കാർ ആദ്യം ഒരു ബൈക്കിലും തുടർന്നു മരത്തിലും ഇടിച്ചതിനാലാണത്രെ അവരുടെ യാത്രക്ക് ഭംഗം നേരിട്ടത്.

വേറെ ആരെയും കാണാത്തതുകൊണ്ടാകാം കഴിഞ്ഞ ദിവസത്തെ ആംബുലൻസ് യാത്രയുടെ വാടക ചോദിച്ചു ഒരു സംഘം ഞങ്ങളെ സമീപിച്ചു. അവരുടെ തലയെണ്ണിയുള്ള വിലപേശൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു കണക്കിന് പറഞ്ഞു അവരോടു കുറച്ചു വെയിറ്റ് ചെയ്യാൻ പറഞ്ഞു.

നെഞ്ചിലും തലയിലും തടവി ഒരു ഭ്രാന്തനെപ്പോലെ ഉലാത്തുന്ന യുവാവിനെ രാജാണ് ടോബിയുടെ മൂത്തസഹോദരൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത്. " എന്റെ കല്യാണം കഴിയുന്നത് വരെയും ഞങ്ങൾ ഒരേ കട്ടിലിലാണ് ഉറങ്ങിയിരുന്നത്......ഈ പ്രായത്തിലും പുറത്തുപോകുമ്പോൾ മമ്മിക്ക് കവിളിൽ ഉമ്മകൊടുത്തെ അവൻ ഇറങ്ങുള്ളൂ........അവന്റെ യാത്രകളൊക്കെ ഞാൻ സപ്പോർട്ട് ചെയ്യാറുണ്ട് പക്ഷെ ഈ യാത്രക്ക് എന്തെങ്കിലും പറഞ്ഞു അവനോടു തടിയൂരാൻ പറഞ്ഞതാ. കേട്ടില്ല....... വീട്ടുകാരെ അത്രക്കുമേൽ സ്നേഹിച്ചവൻ...... അമീറിനെ അവൻ അവന്റെ ആദ്യ ഭാര്യയാണ്  വിശേഷിപ്പിക്കാറു........"  കലങ്ങിയ കണ്ണുമായി ഇങ്ങനെ ഓരോന്നു പുലമ്പിക്കൊണ്ടിരുന്ന ടോജുവിനെ അവന്റെ കൂട്ടുകാർ വന്നു മാറ്റിക്കൊണ്ടുപോയി. അതുവരെ കടിച്ചുപിടിച്ചു നിന്നിരുന്ന അമീർ എല്ലാ നിയന്ത്രണങ്ങളും വിട്ടു പൊട്ടിക്കരഞ്ഞു. എന്റെ ഉള്ളവും ഒരു വികാര പ്രക്ഷോഭം നടത്താതിരിക്കാൻ ഞാൻ വളരെ പണിപ്പെട്ടു.

ഗേറ്റിനു പുറത്തുള്ള ജനാവലി വർദ്ധിച്ചുകൊണ്ടിരുന്നു. വീട്ടുകാർ കൂട്ടുകാർ നാട്ടുകാർ പോലീസുകാർ രാഷ്ട്രീയക്കാർ സഹപ്രവർത്തകർ യൂണിയൻ ഭാരവാഹികൾ അങ്ങിനെ പലരും. ഇവരെല്ലാമുണ്ടായിട്ടും ഉള്ളിലെ ക്രിയകൾ വേഗത്തിലാക്കാൻ പണവും പദവിയും ധാരാളം വേണ്ടിവന്നു. ഇത്തരം അവസരങ്ങൾ നന്നായി മുതലാക്കുന്ന സേവനനിരതരായ കർമ്മയോഗികൾ. ഈ വേളകൾ പരിചയപ്പെടലിന്റെയും പരിചയംപുതുക്കലിന്റെയും ഒത്തുചേരലിന്റെയും വേദിയാക്കുന്നവർ. ഇനിമുതൽ വെള്ളിയാഴ്ചയും കുർബ്ബാന ഉണ്ടെന്നും, യൂണിഫോം ധരിക്കാതെ പൂക്കളർപ്പിക്കാൻ സമ്മതിക്കില്ലെന്നും ആരോടോ ഫോണിലൂടെ താക്കീതു നൽകുന്ന ആ കൂട്ടത്തിലെ ഒരു കന്യാസ്‌ത്രീ. കണ്ടും കെട്ടും നിന്നും മടുത്തപ്പോൾ ഞാൻ ഒരു മൂലയിൽ പോയിരുന്നു. നെഞ്ചിലെ ഭാരം മനസ്സിൽ മന്ത്രങ്ങളും പ്രാർത്ഥനയുമായി പരിണമിച്ചു. ചിന്ത അപ്പോഴും അവനെ കിടത്തിയ ആ മുറിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു.

കാത്തിരിപ്പിന് അറുതിവരുത്തി ടോബിയെ പുത്തനുടുപ്പെല്ലാം അണിയിച്ചു ആംബുലൻസിനു പിന്നിലെ ഫ്രീസർ ക്യാബിനിൽ കിടത്തി. ആഗ്രഹിച്ചപോലെ ആംബുലൻസിൽ രാജിനും അമീറിനും ടോബിക്കും കൂടെ എനിക്കും യാത്രചെയ്യാൻ ഒരിടം ലഭിച്ചു. കോരിച്ചൊരിയുന്ന മഴയെയും ട്രാഫിക്കിനെയും വകവെക്കാതെ സൈറണ് മുഴക്കി മിന്നൽ വേഗത്തിൽ ആംബുലൻസ് പെരുമ്പാവൂർ ലക്ഷ്യമാക്കി കുതിച്ചു. ഫ്രീസറിലെ തണുപ്പടിച്ചെന്നപോലെ മനസ്സിന് വല്ലാത്തൊരു മരവിപ്പ് യാത്രയിലുടനീളം അനുഭവപ്പെട്ടു. കണ്ണുകളിൽ മാറിമറയുന്നതു അവന്റെ ഇക്ക ഇക്ക എന്നുവിളിച്ചുള്ള സംസാരം മാത്രം.

നെഞ്ചിൽ കനൽ ഏറ്റി വച്ച്, മനുഷ്യരുടെ നിസ്സഹായാവസ്ഥയെ കുറിച്ചോർത്തു, ജീവന്റെ അനിശ്ചിതത്വത്തിനെ അടുത്ത് കണ്ടു മനസ്സിലാക്കി ഒരു ഇടവപ്പാതി ഉള്ളിൽ പെയ്യിച്ചുകൊണ്ടുള്ള യാത്ര. ഇടക്കെപ്പോഴോ വീട്ടിൽ പന്തലിടുന്ന കാര്യം ഒരു കാരണവർ ഫോണിൽ സംസാരിച്ചു കേട്ടപ്പോൾ ഞാൻ അറിയാതെ വിങ്ങിപ്പൊട്ടിപ്പോയി. ഞങ്ങൾക്ക് സ്വീകരണം ഒരുക്കി വീട്ടിൽ കാത്തിരിക്കുന്ന അവന്റെ ഒരു വയസ്സായ മകൻ, സ്നേഹവതിയായ ഭാര്യ, അവന്റെ എല്ലാമെല്ലാമായ മമ്മി, ചാച്ചൻ, ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാർ ഇവരെയൊക്കെ നേരിടുന്ന ആ രംഗമോർത്തു മനസ്സ് നീറിക്കൊണ്ടിരുന്നു.

അവനുവേണ്ടി ഒരുക്കിയ പന്തലിനു താഴെ അവനു പ്രിയപ്പെട്ടവർ ചുറ്റും കൂടിയപ്പോൾ ഒരു പരിചയപ്പെടുത്തലിന്റെ ആവിശ്യം ഇല്ലായിരുന്നു. കരച്ചിലിന്റെ ആഴവും പരപ്പും കോരിച്ചൊരിയുന്ന മഴയിലും വ്യക്തമായി ചെവികളിൽ അലയടിച്ചിരുന്നു. വീട്ടിൽ നിന്നു പള്ളിയിലേക്കും പിന്നീട് സെമിത്തേരിയിലേക്കും ആ യാത്ര നീണ്ടു. 4 Idiots ൽ ശേഷിച്ച മൂന്നുപേരും കൂടെ ഞാനും അവന്റെ കുഴിമാടത്തിനരികെ കരഞ്ഞതോർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ ഈറനണിയുന്നു. അന്ത്യ ശുശ്രുഷയിൽ പിതാവു ചൊല്ലിയ ആ പ്രാർത്ഥനാഗാനം ഇപ്പോഴും ചെവിയിൽ അലയടിക്കുന്നു.

യാത്ര....യാത്ര.....ഒരിക്കലും അവസാനിക്കാത്ത യാത്ര........
പ്രകാശമേ നയിച്ചാലും...........!!!



പൊള്ളാച്ചി ഗവണ്മെന്റ് ആശുപത്രിയിലെ ആ ഒറ്റമുറി.

10 comments:

  1. Felt very sad for tobi and his family..may his soul rest in peace. Dear your writting is so natural and felt every thing while reading..your hands are gem..i never thought you can write beautifuly in malayalam too..soo good

    ReplyDelete
    Replies
    1. Thank you dear....everything his grace....your words are a real inspiration....Thank you

      Delete
  2. Nice presentation. U narrated in such a way that it could hold the reader till the last line without getting bored. Keep writing. Gud luk.

    ReplyDelete
  3. നിങ്ങളുടെ കൂടെ ഞാനും യാത്രചെയ്തതു പോലെ തോന്നി.And Liyakka you have got the real talent in writing...

    ReplyDelete
  4. Liyaaa...nannayitundu..keep writing

    ReplyDelete
  5. ഇത് വായിച്ചപ്പോൾ കണ്ണുകൾ അറിയാതെ ഈറന്നണിഞ്ഞു... ടോബിയുടെ വേർപ്പാട് അമീറിനും കൂട്ടുകാർക്കും തീരാനഷ്ടം തന്നെയാണ്....

    ReplyDelete